വധുവാകാന്‍ ഒരുങ്ങി ക്ഷമ, സ്വയം താലിചാര്‍ത്തും, ഹണിമൂണ്‍ ഗോവയില്‍

അഹമ്മദാബാദ്: സര്‍വാഭരണ വിഭൂഷിതയായി, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങുന്ന മുഹൂര്‍ത്തത്തില്‍, പരമ്ബരാഗത ആചാരങ്ങള്‍ പാലിച്ച്‌, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില്‍ ജൂണ്‍ 11ന് ക്ഷമ ബിന്ദു വിവാഹിതയാകും.

പക്ഷേ, അവളൊരിക്കലും ഭാര്യയാകില്ല! വരനില്ലാത്ത വിവാഹവേദിയില്‍ ബിന്ദു സ്വയം താലിചാര്‍ത്തി സീമന്തരേഖയില്‍ സിന്ദൂരമണിയും. അതെ, ബിന്ദു അവളെത്തന്നെയാണ് വരിക്കുന്നത്. സ്വയം വിവാഹിതയാകുന്ന (സോളോഗാമി) ആദ്യ ഇന്ത്യക്കാരിയാവും ഗുജറാത്ത് വഡോദര സ്വദേശിയായ ഈ 24കാരി.

സോഷ്യോളജിയില്‍ ബിരുദം നേടിയ ശേഷം തൊഴിലാളികളെ സപ്ളൈ ചെയ്യുന്ന ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ക്ഷമ, വിവാഹശേഷം ഗോവയില്‍ രണ്ടാഴ്ച ഹണിമൂണ്‍ ആഘോഷിക്കും.

”കൗമാരം മുതല്‍ തന്നെ വിവാഹത്തോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അപ്പോഴും ഒരു പരമ്ബരാഗത വധുവാകാന്‍ മോഹിച്ചിരുന്നു. ഒരു വെബ് സീരീസില്‍ നിന്നാണ് സ്വയം വിവാഹിതയായ യുവതിയെക്കുറിച്ച്‌ അറിയുന്നത്. ഇന്ത്യയില്‍ അത്തരം വിവാഹത്തെക്കുറിച്ചറിയാന്‍ ഒാണ്‍ലൈനില്‍ പരതിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവാഹം പവിത്രമായി കരുതുന്ന നമ്മുടെ നാട്ടില്‍ ആത്മസ്‌നേഹത്തിന് ആദ്യമായി മാതൃക കാട്ടുന്നത് ഞാനാണെന്നതില്‍ അഭിമാനിക്കുന്നു’- ക്ഷമ ബിന്ദു പറഞ്ഞു.
ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. ജൂണ്‍ ഒമ്ബതു മുതല്‍ മെഹന്ദി അടക്കമുള്ള ചടങ്ങുകള്‍ ആരംഭിക്കും.

പ്രായപൂര്‍ത്തിയാകുന്നതിന്റെയും സ്നേഹത്തിന്റെയും അംഗീകാരമാണ് വിവാഹം. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു. അതിനാല്‍ എന്നെ കല്യാണം കഴിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *