മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി; ഷോക്കേറ്റുള്ള മരണമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി.

വള്ളിയാനി സ്വദേശി ശാന്തമ്മയാണ് മരിച്ചത്. സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപമാണ് അവരെ മരിച്ചനിലയില്‍ കണ്ടത്. വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് എബ്രഹാം ആരോപിച്ചു.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ ശാന്തമ്മയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഭര്‍ത്താവും മകനും അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് സമീപവാസിയുടെ കൃഷിയിടത്തില്‍ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ശാന്തമ്മയുടെ കാല്‍ വൈദ്യുതകമ്ബിയില്‍ കുരുങ്ങി കിടക്കുന്നനിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള പ്രദേശമാണ് വള്ളിയാനി. അതിനാല്‍തന്നെ മിക്ക കര്‍ഷകരും കൃഷിയിടങ്ങളില്‍ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *