സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം; വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ പിന്തുണ: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട് : വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ച്‌ വഖഫ് നിയമന വിഷയത്തില്‍ നിയമ ഭേദഗതി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വാഗതം ചെയ്തു.

വഖഫ് ബോര്‍ഡിലെ വിവിധ തസ്തികകളില്‍ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും പി എസ് സിക്ക് വിടുമ്ബോള്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിലും മുസ്ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *