യാത്രപ്പടി വിവാദം: ലതിക സുഭാഷിനെ പിന്തുണച്ച്‌​ വനം മന്ത്രി

കോട്ടയം: യാത്രപ്പടി വിവാദത്തില്‍ വനം വികസന കോര്‍പറേഷന്‍ (കെ.എഫ്​.ഡി.സി) അധ്യക്ഷ ലതിക സുഭാഷിനെ പിന്തുണച്ച്‌​ വനംമന്ത്രി എ.കെ.

ശശീന്ദ്രന്‍. ലതിക സുഭാഷിനെതിരായ നോട്ടീസ് ഒഴിവാക്കാമായിരുന്നുവെന്ന്​ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളല്ല പ്രകൃതി ശ്രീവാസ്തവയുടെ സ്ഥലംമാറ്റത്തിന്​ പിന്നില്‍. സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും അ​ദ്ദേഹം പറഞ്ഞു.

നേരത്തേ യാത്രപ്പടിയായി കൈപ്പറ്റിയ 97,140 രൂപ തിരിച്ചടക്കണമെന്ന്​ ആവശ്യപ്പെട്ട്​ ലതിക സുഭാഷിന് കെ.എഫ്​.ഡി.സി മാനേജിങ് ‍ഡയറക്ടറായിരുന്ന പ്രകൃതി ശ്രീവാസ്തവ നോട്ടിസ്​ നല്‍കിയിരുന്നു. തുക അനധികൃതമായി കൈപ്പറ്റിയതാണെന്നായിരുന്നു ആരോപണം.

തിരിച്ചടച്ചില്ലെങ്കില്‍ അധ്യക്ഷയുടെ പ്രതിമാസ അലവന്‍സില്‍ നിന്ന്​ തുക ഈടാക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്​ വിവാദമായതിനു പിന്നാലെ പ്രകൃതി ശ്രീവാസ്തവയെ എം.ഡി സ്ഥാനത്തു നിന്ന്​ നീക്കിയിരുന്നു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബഫര്‍സോണില്‍ ആശങ്ക വേണ്ടെന്ന്​ ആവര്‍ത്തിച്ച അദ്ദേഹം സുപ്രീം കോടതിയിലെ ഹരജിയിലും കേന്ദ്രവുമായുള്ള ചര്‍ച്ചയിലും പ്രതീക്ഷയുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *