മുഖ്യമന്ത്രിക്കെതിരെ അക്രമം: കോണ്‍​ഗ്രസ് സംഘപരിവാര്‍ രാഷ്ട്രീയ ശൈലിക്കൊപ്പമെന്ന് തെളിയിക്കുന്നു- ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി അക്രമണം സംഘടിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

വിമാനത്തില്‍ വെച്ച്‌ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ നടത്തിയ ശ്രമം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായതാണ്. അതിനെതിരായി വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നതാണ്.

ജനാധിപത്യ സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച്‌ മുന്നോട്ട് വരികയും ചെയ്തു. എന്നിട്ടും അത്തരം നടപടികള്‍ ഇനിയും തുടരുമെന്നതിന്റെ പ്രഖ്യാപനമാണ് ഇപ്പോഴത്തെ അക്രമത്തിലൂടെ നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുയര്‍ത്തിയും, വര്‍ഗ്ഗീയ ദ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ് അക്രമണമുണ്ടായത്.

സംഘപരിവാറിന്റെ രാഷ്ട്രീയ ശൈലിക്കും, താല്‍പര്യങ്ങള്‍ക്കും ഒപ്പമാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് ഒരിക്കല്‍ക്കൂടി ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിലെ മറ്റ് ഘടക കക്ഷികളുടെ അഭിപ്രായമെന്തെന്ന് വ്യക്തമാക്കണമെന്നും ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *