സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ‘രാജ്യസ്നേഹത്തിന്റെ’ പുതിയ ‘നിർദേശ’ങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എല്ലാവരും സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പ്രൊഫൈൽ പിക്ചറുകൾ മാറ്റണമെന്നും പകരം ത്രിവർണ പതാകയുടെ ചിത്രം വെക്കണമെന്നുമാണ് മോദിയുടെ പുതിയ അഭ്യർത്ഥന.
ആഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള കാലയളവിൽ പ്രൊഫൈൽ പിക്ചറുകൾ മാറ്റണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. മൻ കി ബാത്ത് പരിപാടിയിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 75 റെയിൽവേ സ്റ്റേഷനുകൾക്ക് പേര് മാറ്റി സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും മോദി പറഞ്ഞു.
രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ പരിപാടികളിലും എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രിയുടെ ഇത്തരം പരാമർശങ്ങൾക്ക് നേരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. രാജ്യസ്നേഹം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നായിരുന്നു പലരുടേയും പ്രതികരണം.
