യുക്രെയിന്‍ പ്രതിസന്ധിക്ക്​ വേണ്ടത്​ രാഷ്​ട്രീയ പരിഹാരം​ -കിരീടാവകാശി

ജിദ്ദ: യുക്രെയിന്‍ പ്രതിസന്ധി രാഷ്​ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന്​ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പറഞ്ഞു.

ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ യുക്രെയിന്‍ പ്രസിഡന്‍റിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്​ചയിലാണ്​​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​.

യുക്രെയിന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ്​ ഞങ്ങള്‍ ആഗ്രഹിക്കുന്നത്​. പ്രതിസന്ധി രാഷ്​ട്രീയമായി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്​ട്ര ശ്രമങ്ങള്‍ക്കും സൗദിയുടെ പിന്തുണയും താല്‍പര്യമുണ്ടാകും. പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സംഭാവന നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കിരീടാവകാശി പറഞ്ഞു.

സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും യുക്രെയിന്‍ പ്രസിഡന്‍റ്​ സെലന്‍സ്‌കിയുടെ ആശംസകള്‍ റുസ്​തം ഒമറിയേവ് അറിയിച്ചു. കിങ്​ സല്‍മാന്‍ റിലീഫ്​ കേന്ദ്രം വഴി സൗദി അറേബ്യ നടത്തിയ മാനുഷിക ശ്രമങ്ങള്‍ക്ക് റുസ്​തം തന്റെ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. സ്വീകരണച്ചടങ്ങില്‍ ​പ്രതിരോധ ഡെപ്യുട്ടി മന്ത്രി അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ്, കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ്​ ബിന്‍ മുഹമ്മദ് അല്‍ഐബാന്‍ എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *