യുവതിയെ വിവാഹം കഴിച്ചത് എസ്‌ഐ ചമഞ്ഞ്; യുവതിയുമൊത്ത് താമസിച്ചിരുന്നത് പോലീസ് ക്വാര്‍ട്ടേഴ്‌സിലും

മലപ്പുറം: ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍(saithalavi fake police).

മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കുറ്റിപ്പുറം പൊലീസിന്റെ ക്വാര്‍ട്ടേഴ്‌സ് പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്ബ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്ബിക്കലിലെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചു വന്നത്.

ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഇയാള്‍ എസ്‌ഐ യുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസില്‍ ആണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. തുടര്‍ന്ന് സിഐ ഉള്‍പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളില്‍ നിന്നും നിരവധി എ.ടി.എം കാര്‍ഡുകളും സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു(saithalavi fake police).

കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017 ല്‍ നടന്ന ബലാല്‍സംഗ കേസിലും തട്ടിപ്പു കേസിലും ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ടെന്ന് കൂടുതല്‍ അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. തുടര്‍ന്നു കൊണ്ടോട്ടി പൊലീസെത്തി ഇയാളെ തുടര്‍ അന്വേഷണങ്ങള്‍ക്കായി കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്ബൂര്‍ സ്റ്റേഷനിലും പ്രതിക്കെതിരെയുള്ളതായി പൊലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളില്‍ ഉള്ള കേസുകളെക്കുറിച്ച്‌ വിവരം ശേഖരിച്ചു വരികയാണ്.

പ്രതിയെ പിടികൂടിയ വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നതായും ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നല്‍കിയതായും കുറ്റിപ്പുറം പൊലീസ് പറഞ്ഞു.

കുറ്റിപ്പുറം എസ്‌ഐ ഷെമീല്‍, എസ്‌പി.പി.ഒമാരായ ജയപ്രകാശ് രാജേഷ് സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ് വീരനെ വലയിലാക്കിയത്. അറസ്റ്റിലായ സമയത്ത് പ്രതി ആദ്യം തെറ്റായ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യക്തത വന്നത്.

Leave a Reply

Your email address will not be published. Required fields are marked *