യുവ നടിമാര്‍ക്കു നേരെ മാളില്‍ അതിക്രമം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

കോഴിക്കോട്: ഷോപ്പിങ് മാളില്‍ സിനിമയുടെ പ്രചാരണത്തിനെത്തിയ യുവ നടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുക. ഇതിന്റെ ഭാ​ഗമായി അക്രമ സമയത്തെ ദൃശ്യങ്ങള്‍ക്കു പുറമേ, പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമേ സംഘാടകരോ മാള്‍ അധികൃതരോ ശേഖരിച്ച മുഴുവന്‍ ദൃശ്യങ്ങളും കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. അക്രമം നടന്ന സമയത്തെ ദൃശ്യങ്ങളില്‍ നിന്നു പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് ഇത്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് അതിക്രമം നടന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നടി തന്നെ മോശം അനുഭവം പങ്കുവയ്ക്കുകയായിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി സിനിമയിലെ നടന്‍ ഉള്‍പ്പടെയുള്ള ടീമാണ് മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച്‌ ഇറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്ബോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അതിനു പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരെ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാള്‍ക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *