ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം; പിഎഫ്‌ഐയുമായി ബന്ധമില്ലാത്ത 18 പേര്‍ക്കെതിരേയും ജപ്തി; നടപടികള്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി‍

കൊച്ചി : മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആക്രമണങ്ങള്‍ നടത്തിയതിന് ജപ്തി നടപടികള്‍ സ്വീകരിച്ചതില്‍ 18 പേര്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

ആഭ്യന്തര വകുപ്പ് േൈഹക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ പിന്‍വലിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മലപ്പുറത്തെ ലീഗ് നേതാവ് വി.പി. യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മിന്നല്‍ ഹര്‍ത്താലില്‍ 5.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടം ഈടാക്കാനാണ് പിഎഫ്‌ഐ ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളില്‍ മെല്ലപ്പോക്ക് നടത്തിയ സര്‍ക്കാര്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതോടെയാണ് പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടേയും സ്വത്ത് വകകള്‍ ജപ്തി ചെയ്തത്. ഹര്‍ത്താല്‍ നടക്കുന്നതിന് മുന്‍പ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാരും സമ്മതിച്ചു. ജനുവരി 18ന് അടിയന്തര നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനാല്‍ വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കി.

രജിസ്‌ട്രേഷന്‍ ഐജിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ നടപടികള്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സര്‍വ്വേ നമ്ബര്‍ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വെക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ തെറ്റായ നടപടികള്‍ പിന്‍വലിക്കണമെന്ന് കേസില്‍ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തെറ്റായി പട്ടികയില്‍ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *