അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: പിണറായി വിജയന്‍

പാലക്കാട്: അട്ടപ്പാടിയില്‍ മരിച്ച ഓരോ കുഞ്ഞിന്റെയും മാതാപിതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആദിവാസി മേഖലയിലെ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അട്ടപ്പാടി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവജാത ശിശു മരിച്ച മുക്കളിയിലെ രാജിയുടെ വീട്ടിലെത്തി അദ്ദേഹം ആശ്വസിപ്പിച്ചു. കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സന്ദര്‍ശിച്ച പിണറായി വിജയന്‍, കില ഹാളില്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പരാതികള്‍ കേട്ടു. മുന്‍ മന്ത്രിമാരായ പി. പ്രസാദ്, എം.ബി. രാജേഷ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഗര്‍ഭിണികളിലെ കടുത്ത വിളര്‍ച്ച, മാസം തികയാതെയുള്ള പ്രസവങ്ങള്‍, കുഞ്ഞുങ്ങളിലെ ജന്മനാ വൈകല്യങ്ങള്‍ എന്നിവയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാതാപിതാക്കളില്‍നിന്ന് കേട്ട അനുഭവങ്ങള്‍ ഹൃദയഭേദകമാണെന്നും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും പറഞ്ഞു.

കഴിഞ്ഞ ആറുമാസമായി അട്ടപ്പാടിയിലെ ആരോഗ്യ സേവനങ്ങള്‍ മോശമായെന്നും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളും ചൂണ്ടിക്കാട്ടി. കോട്ടത്തറ ആശുപത്രിയിലെ സ്‌കാനിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഗര്‍ഭിണികളെ നിരീക്ഷിക്കേണ്ട അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടെന്നും ആരോപിച്ചു.

ജനനി ജന്മരക്ഷ പദ്ധതിയിലെ സാമ്പത്തിക സഹായം കുടിശ്ശികയാണെന്നും അമ്മമാര്‍ക്കുള്ള പ്രതിമാസം 2,000 രൂപ സഹായം നിര്‍ത്തലാക്കിയെന്നും കമ്മ്യൂണിറ്റി കിച്ചണുകള്‍ അടച്ചെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്ന മെന്റര്‍ അധ്യാപകരെ ഒഴിവാക്കിയതിലും വിമര്‍ശനമുന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *