500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു

നാസിക്: നോട്ട് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് ഒരുകോടി നോട്ടുകളാണ് ഇപ്പോള്‍ അച്ചടിക്കുന്നതെന്ന് നാസിക്കിലെ കറന്‍സി നോട്ട് പ്രസ് അധികൃതര്‍ വ്യക്തമാക്കി. 500 രൂപ നോട്ടുകളും മറ്റുള്ളവയും അടക്കം 1.9 കോടി നോട്ടുകളാണ് നാസിക്കില്‍ ഓരോദിവസവും അച്ചടിക്കുന്നത്.
500 ന് പുറമെ 20, 50, 100 രൂപയുടെ നോട്ടുകള്‍ നാസിക്കില്‍ അച്ചടിക്കുന്നുണ്ട്. പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ഇവിടെ നടക്കുന്നില്ല.

 
വെള്ളിയാഴ്ച ഇവിടെനിന്ന് റിസര്‍വ് ബാങ്കിന് കൈമാറിയത് 4.3 കോടി നോട്ടുകളാണ്.
നോട്ട് അസാധുവാക്കലിനുശേഷം അവര്‍ നടത്തുന്ന ഏറ്റവും വലിയ നോട്ട് കൈമാറ്റമാണിത്. നവംബര്‍ 11 നാണ് നോട്ട് അസാധുവാക്കലിനുശേഷം ആദ്യമായി നാസിക്കില്‍നിന്ന് നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോയത്. 500 രൂപയുടെ 50 ലക്ഷം നോട്ടുകള്‍ കൈമാറാന്‍ മാത്രമെ അന്ന് കഴിഞ്ഞിരുന്നുള്ളു. ഭക്ഷണത്തിനുവേണ്ടിയുള്ള ഇടവേളയില്‍പോലും പ്രവര്‍ത്തനം നിര്‍ത്തിവെക്കാതെ നോട്ട് അച്ചടിച്ചാണ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

നാസിക് അടക്കം നാല് പ്രസുകളില്‍ മാത്രമാണ് രാജ്യത്ത് നോട്ടുകള്‍ അച്ചടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *