‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’

മലപ്പുറം: ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ ‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’  എന്ന പുസ്തകം ഇന്നു (ഡിസംബര്‍ 27) വൈകിട്ടു 4 ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം. ടി. വാസുദേവന്‍ നായര്‍  പ്രകാശനം ചെയ്യും. സിഐറ്റിയു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍   സംസ്‌കൃത സര്‍വ്വകലാശാല അസോ. പ്രൊഫ. കെ.റ്റി. ഷംസാദ് ഹുസൈന്‍ പുസ്തകം ഏറ്റുവാങ്ങും.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാര്യര്‍, ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. പി.പി.അബൂബക്കര്‍ എന്നിവര്‍ ആശംസ നേരും. മന്ത്രി തോമസ് ഐസക് മറുപടിപ്രസംഗം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്. ഗിരീഷ്, ദേശാഭിമാനി ബുക്ക് ഹൗസ് മാനേജര്‍ എ. രാജന്‍ എന്നിവര്‍ സംസാരിക്കും.

നോട്ടുനിരോധത്തിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന പുസ്തകം, കള്ളപ്പണം പിടികൂടാന്‍ നോട്ടുനിരോധം ആവശ്യമില്ലായിരുന്നുവെന്നും ആവശ്യമായിരുന്നെങ്കില്‍ത്തന്നെ ഇന്നത്തെമാതിരി ജനങ്ങളെ പീഡിപ്പിക്കാതെ അതു ചെയ്യാമായിരുന്നുവെന്നും സമര്‍ത്ഥിക്കുന്നു. സഹകരണമേഖലയില്‍ ഈ നടപടി സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിയെയും പരിഹാരങ്ങളെയും പറ്റിയും ഇതില്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്.

കള്ളപ്പണത്തെയും അതു തടയാനുള്ള മാര്‍ഗ്ഗങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന പുസ്തകത്തില്‍ കാഷ്‌ലെസ് സമ്പദ്ഘടനയുടെ സവിശേഷതകള്‍, നോട്ടുനിരോധം ഇന്‍ഡ്യയെ പൊതുവിലും കേരളത്തെ വിശേഷിച്ചും എങ്ങനെബാധിക്കുന്നു, ഇപ്പോഴത്തെ പ്രതിസന്ധിയും ദുരിതങ്ങളും പരമാവധി ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ചോദ്യോത്തരരൂപത്തില്‍ തയ്യാറാക്കിയ പുസ്തകത്തിനു  പത്ത് അദ്ധ്യായങ്ങളുണ്ട്. മന്ത്രി നടത്തിയ ഫേസ്ബുക്ക് ലൈവുകളില്‍ വന്ന ചോദ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ കമന്റായും മറ്റും വന്ന ചോദ്യങ്ങളും പലരും മന്ത്രിയോടു ഫോണിലും നേരിട്ടും ചോദിച്ച ചോദ്യങ്ങളുമൊക്കെ പരിശോധിച്ച് അവയില്‍നിന്നു തെരഞ്ഞെടുത്ത 52 ചോദ്യവും ഉത്തരവുമാണ് ഉള്ളത്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ രണ്ടാഴ്ചത്തെ ചികിത്സയ്‌ക്കെത്തിയ മന്ത്രി ആദ്യത്തെ ഒരാഴ്ച എടുത്താണു പുസ്തകരചന നടത്തിയത്. വിശ്രമം അനിവാര്യമായ ചികിത്സാവേളയില്‍ അതു മറികടന്നു പുസ്തകരചന നടത്താന്‍ അനുവദിച്ചത് തന്റെ പ്രകൃതം അറിയാവുന്ന വൈദ്യശാലയുടെ മേധാവി ഡോ. പി.കെ. വാര്യരാണെന്ന് ഐസക്ക് പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. പി.കെ. വാര്യര്‍ക്കാണു പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ചിന്ത പബ്ലിഷേഴ്‌സാണു പ്രസാധകര്‍
‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’

Leave a Reply

Your email address will not be published. Required fields are marked *