ഡോ. കെ കെ ജോഷിക്ക് എഫ് ഐ എ പി അവാര്‍ഡ്

മഞ്ചേരി : ശിശുരോഗ വിഭാഗത്തിന് നല്‍കിയ സമഗ്ര സംഭാവനക്കുള്ള ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ എഫ് ഐ എ പി അവാര്‍ഡിന് മഞ്ചേരി യിലെ  ഡോ. കെ കെ ജോഷി അര്‍ഹനായി.  ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ ഗായത്രി വിഹാറില്‍ നടന്ന ഐ എ പി 54ാം ദേശീയ സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡണ്ട് ഡോ. അനുപം സച്ച്‌ദേവില്‍ നിന്നും ഡോ. കെ കെ ജോഷി അവാര്‍ഡ് ഏറ്റുവാങ്ങി. ആദ്യമായാണ് ഐ എ പിയുടെ പരമോന്നത ബഹുമതിയായ ഈ അവാര്‍ഡിന് ഒരു മലയാളി അര്‍ഹനാകുന്നത്.  കാല്‍ നൂറ്റാണ്ടിലേറെയായി ജില്ലയിലെ കുട്ടികളുടെ ആരോഗ്യപ്രതിരോധരംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ജോഷി എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ്.

 

1989ല്‍ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ചുമതലയേറ്റ ജോഷി 2010ല്‍ വിരമിച്ച ശേഷവും സ്വകാര്യ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി തുടരുകയാണ്.  നിലവില്‍ ഐ എ പി ദേശീയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ ജോഷി നാലു വര്‍ഷം ജീല്ലാ പ്രസിഡണ്ടും ഒരു തവണ സംസ്ഥാന പ്രസിഡണ്ടും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കോഴിക്കോട് സര്‍വ്വകലാശാലയും ഐ എ പിയും ദേശീയ തലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനങ്ങളില്‍ അദ്ദേഹം നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

ഇന്‍ഫെക്ഷ്വസ് ഡിസീസ് ചാപ്റ്റര്‍, പീഡിയാട്രിക് ഡെര്‍മഡോളജി ചാപ്റ്റര്‍ എന്നിവയുടെ സംസ്ഥാന പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. കെ കെ ജോഷി ഐ എ പി സംസ്ഥാന ഇമ്മ്യൂണൈസേഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍, ഐ എം എ പ്രസിഡണ്ട്, മഞ്ചേരി ക്ലിനിക്കല്‍ ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.  സോജയാണ് ഭാര്യ. മക്കള്‍: ജ്യോതിഷ്, സജീഷ്.

Leave a Reply

Your email address will not be published. Required fields are marked *