ലണ്ടന്‍: നാലുപേരുടെ മരണത്തിന് ഇടയാക്കിയ, ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടയാള്‍ മാത്രമാണെന്ന് പോലീസ് വിശ്വസിക്കുന്നതായി തീവ്രവാദപ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്ര തീവ്രവാദത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ടവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
