ആരോഗ്യമുള്ള തലമുറ വികസിത സമൂഹത്തിന് അനിവാര്യം: മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ആരോഗ്യമുള്ള തലമുറയാണ് വികസിത സമൂഹത്തിന് അനിവാര്യമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജങ്ക് ഫുഡുകളുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി സംഘടിപ്പിച്ച മാജിക് ഷോ സെന്റ് തെരേസാസ് ഗേള്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച്് യുവതലമുറയെ ബോധവത്കരിക്കണം. ജില്ലയില്‍ 30 സ്‌കൂളുകളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. ജങ്ക് ഫുഡുകള്‍ നിരോധിക്കുക പ്രായോഗികമല്ലെങ്കിലും കുട്ടികള്‍ക്ക് അവബോധം നല്‍കാന്‍ കഴിയും. ഇതുവഴി കേരളത്തില്‍ നല്ലൊരു ഭക്ഷ്യസംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ സാധിക്കും. ലഹരി പദാര്‍ഥങ്ങള്‍ക്കെതിരായ ബോധവത്കരണവും സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പുകവലി, മദ്യം, ജങ്ക് ഫുഡ് എന്നിവയ്‌ക്കെതിരേ സാമൂഹ്യബോധവത്കരണം നടത്തുന്ന പ്രശസ്ത മജീഷ്യന്‍ നാഥ് ആണ് മാജിക് അവതരിപ്പിച്ചത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും ജങ്ക് ഫുഡുകളുടെയും ലഹരിയുടെയും അപകടത്തെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്നു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഗ്രേസ് ബാബു ജേക്കബ്, സിറ്റി റേഷനിംഗ് ഓഫീസര്‍ വി.ആര്‍. ജയരാജന്‍, എച്ച്എസ്എ ബേബി ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *