മലപ്പുറം: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍ എംപി. വര്‍ഷങ്ങളായി നേതൃത്വത്തിലുള്ളവര്‍ ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. അത് അംഗീകരിച്ചുകൊണ്ടുതന്നെ നവീന ആശയങ്ങള്‍ കൈമുതലാക്കിയ പുതുതലമുറക്ക് അവസരം കൊടുക്കണം. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
നേതൃമാറ്റം ഈ വര്‍ഷംതന്നെ ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ സമൂലമാറ്റമുണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തില്‍ അവരും കുടുംബവുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി പരിശ്രമിക്കുമ്പോള്‍ ഡല്‍ഹിയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഗുണം ചെയ്യും.
സംഘപരിവാറുകാരാല്‍ ദലിത് വിഭാഗങ്ങളും രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുെണ്ടങ്കിലും മുഖ്യമായും അവര്‍ മുസ്ലിം സമുദായത്തെയാണ് ലക്ഷ്യമിടുന്നത്. മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, കമ്യൂണിറ്റി പാര്‍ട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
