സഹപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന് ജില്ലാകളക്ടറുടെ സമ്മാനം 500 ബാഹുബലി ടിക്കറ്റ്

തെലുങ്കാനയിലെ ഒരു ജില്ലാകളക്ടറാണ് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനമായി ടിക്കറ്റ് വിതരണം ചെയ്തത്.’ബാഹുബലി 2: ദി കണ്‍ക്‌ളൂഷ’ന്റെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റാണ് നല്‍കിയത്. വാറങ്കല്‍ ജില്ലാ കളക്ടര്‍ അമ്രാപാലി കാട്ടയാണ് ജില്ല സൗന്ദര്യവല്‍ക്കരണ ജോലിയില്‍ തനിക്കൊപ്പം നിന്നു കഷ്ടപ്പെട്ടവര്‍ക്ക് ബാഹുബലി സിനിമാടിക്കറ്റ് നല്‍കിയത്.

 
ഹനംകോണ്ട ഏഷ്യന്‍ ശ്രീദേവി മാളിലെ മുഴുവന്‍ ഷോയുടെയും ടിക്കറ്റുകള്‍ നേരത്തേ കളക്ടര്‍ വാങ്ങിയത് വലിയ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീടാണ് ടിക്കറ്റ് തന്റെ ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനാണ് വാങ്ങിയതെന്ന് മനസ്സിലായത്്. നഗര സൗന്ദര്യവല്‍ക്കരണ ജോലിയില്‍ തന്നെ സഹായിച്ച ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കരാര്‍ ജോലിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും ടിക്കറ്റ് കിട്ടി. കട്ടപ്പ ബാഹുബലിയെ എന്തിനാണ് കൊന്നതെന്ന് അറിയാന്‍ വാറങ്കലിനും താല്‍പ്പര്യമുണ്ടെന്ന് മാത്രമാണ് ഇക്കാര്യത്തില്‍ കളക്ടറുടെ പ്രതികരണം.

 

 
ഈ മാസം ആദ്യം മുതലായിരുന്നു വാറങ്കല്‍, ഹനുമകോണ്ട, കാസിപെറ്റ് എന്നീ നഗരങ്ങള്‍ സൗന്ദര്യവല്‍ക്കരണ പരിപാടിയിലേക്ക് നീണ്ടത്. ചുവരുകളും കെട്ടിടങ്ങളും മനോഹരമായി പെയ്ന്റ് ചെയ്യുകയും ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുകയും ചെയ്തിരിക്കുകയാണ്. ബാഹുബലി സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ ആകാംഷ കൂട്ടാന്‍ ബാഹുബലി ടീം കഴിഞ്ഞ ദിവസം തങ്ങളുടെ ബോസിന് നല്‍കാന്‍ ജീവനക്കാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ലീവ്‌ലെറ്റര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കാരണം ബോധിപ്പിച്ചിരുന്നത് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാനായി 658 ദിവസമായി കാത്തിരിക്കുകയാണ് ഇനി വയ്യെന്നും പറഞ്ഞിട്ടുണ്ട്. മറ്റൊന്ന് തനിക്ക് ദേവസേന റാണിയെ കാണണമെന്നും പ്രഭാസ് ഭല്ലാദേവയെ തോല്‍പ്പിക്കുന്നതിന് സാക്ഷിയാകണമെന്നും പറഞ്ഞിട്ടുണ്ട്.

 
ഇന്ത്യയില്‍ ഏറ്റവും മുതല്‍മുടക്കുമായി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അഞ്ചു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ടു ഭാഗമായി വന്ന സിനിമയില്‍ പ്രഭാസ്, റാണ ദുഗ്ഗബതി, സത്യരാജ്, അനുഷ്‌ക്കാഷെട്ടി, തമന്ന, രമ്യാകൃഷ്ണന്‍, നാസര്‍ എന്നീ താരങ്ങളാണ് പ്രധാന വേഷത്തില്‍. ലോകത്തുടനീളമായി 9000 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ 6,500 തീയറ്ററുകളിലും അമേരിക്കയില്‍ 1,100 തീയറ്ററുകളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ 1,400 തീയറ്ററുകളിലുമായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *