ഉളനാട് പോളച്ചിറയുടെ സംരക്ഷണത്തിനായി നടത്തിയ മഴനടത്തം

പന്തളം:  ഉളനാട് പ്രദേശത്തെ നാട്ടുകാരൊന്നാകെ സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം കൈകോര്‍ത്ത് നാട്ടിലെ പരമ്പരാഗത ജലസ്രോതസിനെ സംരക്ഷിക്കാന്‍ മഴനടത്തത്തിലൂടെ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്തു. പോളച്ചിറയെ നമുക്ക് കാലങ്ങളോളം സംരക്ഷിക്കാം ഒരമ്മയെപ്പോലെ… ജില്ലയിലെ വൃസ്തൃതമായ തണ്ണീര്‍ത്തടമെന്ന് പേരുകേട്ട പോളച്ചിറയെ സംരക്ഷിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ ഒത്തുചേര്‍ന്നത് കുട്ടികളടക്കമുള്ള നാട്ടുകാരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒത്തുചേര്‍ന്നാണ്.

 
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകരുടെ ജില്ലാതല പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കുളനട പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുമ്പമണ്‍ നോര്‍ത്ത് ഗവ. എച്ച്എസ്എസ്, തുമ്പമണ്‍ എംജിഎച്ച്എസ്എസ്, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസ്, പന്തളം എന്‍എസ്എസ് ബിഎച്ച്എസ്എസ് എന്നീ സ്‌കൂളിലെ കുട്ടികളോടൊപ്പം ജനപ്രതിനിധികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, ഉളനാട് സാസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ മഴ നടത്തത്തില്‍ അണിചേര്‍ന്നു. പോളച്ചിറയുടെ ജൈവ വൈവിധ്യം നേരിട്ടറിഞ്ഞ് അവര്‍ ചിറയുടെ തീരങ്ങളില്‍ക്കൂടെ മഴയെ വരവേറ്റും ചിറയെ തൊട്ടറിഞ്ഞും നടന്നു. ചിറയില്‍ കിടന്ന പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കിയും ചിറയുടെ ആവാസ വ്യവസ്ഥയ്ക്ക് ആഘാതമാകുന്ന വിഷയങ്ങള്‍ നമനസിലാക്കിയുമായിരുന്നു നടത്തം.

 

 

ഇപ്പോള്‍ ചിറയ്ക്ക് ആഴമില്ലാത്തതും ചിറയുടെ തീരങ്ങള്‍ നിര്‍ണ്ണയിച്ച് കെട്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മഴനടത്തക്കാര്‍ തിരിച്ചറിഞ്ഞു.  ഉളനാട് ശിശുവിഹാറിന് മുമ്പില്‍ നാട്ടുകാര്‍ മഴ നടത്തത്തെ സ്വീകരിച്ചു.
ലോക തണ്ണീര്‍ത്തട ദിനത്തില്‍ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ പോളച്ചിറയെ നേരത്തെ വൃത്തിയാക്കിയിരുന്നു. ചിറയുടെ സംരക്ഷണത്തിനുളള പ്രവര്‍ത്തികള്‍ തുടരാനാണ് എന്‍എസ്എസ് തീരുമാനം. മഴനടത്തം കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പോള്‍രാജന്‍, എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിജുകുമാര്‍, തോമസ് ജോര്‍ജ്, പി ആര്‍ ഗിരീഷ്, ഡോ. ലജു പി തോമസ്, അജിത് എസ് കുറുപ്പ്, ശ്രീലതാ മോഹന്‍, സൂസന്‍ തോമസ്, കെ പി ജോയി, മോഹന്‍ദാസ്, ശശികല  സുരേഷ്, ഉളനാട് ഹരികുമാര്‍, രാജന്‍ തോമസ്, ജയശ്രീ, രാജേഷ്, സി ആര്‍ റിഞ്ചു, ആശ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *