എല്‍ഡിഎഫില്‍ ചേക്കേറാനൊരുങ്ങി മാണി

കോട്ടയം:  ചരല്‍കുന്ന് തീരുമാനം പുനപരിശോധിച്ച് കേരള കോണ്‍ഗ്രസ് എം മുന്നണി പ്രവേശനത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. മാണി വിഭാഗം ഇടതുപാളത്തിലേക്ക് ചേക്കേറുമെന്നാണ് സൂചന. തീരുമാനത്തിന് മുന്നോടിയായി അഭിപ്രായ ഐക്യരൂപീകരണത്തിനായി ജില്ലാ നേതൃയോഗങ്ങള്‍ ആരംഭിച്ചു. ഇത് ശരിവയ്ക്കുന്നതിന് സൂചന നല്‍കി സി എഫ് തോമസ് രംഗത്ത് വന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളകോണ്‍ഗ്രസ് എം ഏതെങ്കിലും മുന്നണിഭാഗമാകുമെന്നും അതേസമയം ഏത് മുന്നണിയാണ് തെരഞ്ഞെടുക്കുകയെന്നത് പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനിമെക്കുമെന്നും സി എഫ് തോമസ് കൂട്ടിച്ചേര്‍ത്തു. അതേസമയം മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ യുക്തമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന മുന്‍ നിലപാട് കെ എം മാണി ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിന് ചരല്‍ കുന്നില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് കേരളാ കോണ്‍ഗ്രസ് എം 35 വര്‍ഷം നീണ്ട യൂ ഡി എഫ് ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകണമെന്നാണ് ഭൂരിഭാഗം എംഎല്‍എമാരുടെയും നേതാക്കളുടെയും താല്‍പര്യം.

ഇക്കാര്യം അനൗദ്യോഗികമായി നേതാക്കള്‍ കെ എം മാണി അടക്കമുള്ളമുള്ളവരെ അറിയിച്ചിരുന്നു. ഇതോടെയാണ് മുന്‍ നിലപാട് പരിശോധിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചത്. ഈ മാസം 13ന് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ഉപസമിതിയെ സ്റ്റിയറിങ് കമ്മറ്റി നിയോഗിക്കുമെന്നാണ് സൂചന.

മുന്നണി പ്രവേശനം സാധ്യമായാല്‍ അത് ഇടതുപക്ഷത്തേക്കാവണമെന്നാണ് കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും താല്‍പര്യം. ഇക്കാര്യത്തില്‍ സിപിഎം നേതാക്കളുമായി കെ എം മാണി അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഒരു കത്തോലിക്കാ ബിഷപ്പിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.

മാണിയെ ഒപ്പം കൂട്ടി മധ്യകേരളത്തില്‍ നേട്ടം കൊയ്യാന്‍ സിപിഎമ്മും ലക്ഷമിടുന്നു. മൂന്ന് മാസത്തിനുള്ളില്‍ കെ എം മാണിക്കെതിരായ വിജിലന്‍സ് കേസുകളില്‍ തീര്‍പ്പുണ്ടാകാനാണ് സാധ്യത. ഇതോടെ മുന്നണി പ്രവേശനത്തിനുള്ള തടസ്സം നീങ്ങുമെന്നാണ് മാണിയുടെയും സി പി എമ്മിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ സിപിഐയുടെ നിലപാടാവും മുന്നണിക്ക് തലവേദന സ്യഷ്ടിക്കുക.

നേതാക്കളുടെ മനസറിയാന്‍ കോട്ടയത്ത് ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ മാണിയും ജോസ് കെ മാണിയും പങ്കെടുത്തു. നിയോജകമണ്ഡലം, മണ്ഡലം പ്രസിഡണ്ടുമാര്‍ എന്നിവരുടെ യോഗമാണ് വെള്ളിയാഴ്ച കോട്ടയത്ത് ചേര്‍ന്നത്. ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണ സ്വീകരിച്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖറിയാസ് കുതിരവേലിയെ യോഗത്തില്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *