സ്വകാര്യമേഖലയില്‍ എത്തുന്ന വിദേശികള്‍ ഡ്രൈവര്‍ തസ്തികയില്‍ ആയാലും ഒരു വര്‍ഷം പൂര്‍ത്തിയാക്കാതെ ലൈസന്‍സ് അനുവദിക്കരുതെന്ന് കരട് നിര്‍ദ്ദേശം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ഗാര്‍ഹിക വിസകളില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം തന്നെ ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്തുകൊടുക്കും.
കുവൈത്തില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ടെന്ന കരട് നിര്‍ദേശത്തിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരവും ലഭിച്ചു. അസ്കര്‍ അല്‍ ഇന്‍സി എം.പിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന ആഭ്യന്തര പ്രതിരോധ സമിതി യോഗമാണ് നിര്‍ദേശത്തിനു അംഗീകാരം നല്‍കിയത്.
സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് കൈവശമില്ലാത്ത വിദേശികള്‍ക്ക് കുവൈത്ത് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന നിര്‍ദേശവും സമിതി അംഗീകരിച്ചു. ഇതനുസരിച്ച് ഒരു വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ ലൈസന്‍സുള്ള വിദേശികള്‍ക്ക് മാത്രമേ കുവൈത്തിലെ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവൂ. ആഭ്യന്തരപ്രതിരോധകാര്യ സമിതിയുടെ അംഗീകാരം നേടിയ കരട് ബില്‍ താമസിയാതെ നിയമമായി വരുമെന്നാണ് സൂചന.
