തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകള്‍ക്കും ഒരേ നിറമായിരിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കഴിഞ്ഞദിവസം ചേര്‍ന്ന അതോറിറ്റിയുടെ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. സിറ്റി, റൂറല്‍, ദീര്‍ഘദൂര ബസുകള്‍ക്ക് വേറെ വേറെ നിറമായിരിക്കും.
ഓരോ വിഭാഗത്തില്‍ പെട്ട ബസുകള്‍ക്കും ഏതെല്ലാം നിറമാണ് നല്‍കുക എന്നത് 15 ദിവസത്തിനകം അറിയിക്കാമെന്ന് ബസ് ഉടമസ്ഥരുടെ സംഘടന യോഗത്തെ അറിയിച്ചു. നിലവില്‍ സ്വകാര്യ ബസുകളുടെ നിറം സംബന്ധിച്ച് പ്രത്യേക നിബന്ധനകള്‍ ഒന്നുമില്ല. സിറ്റി ബസുകള്‍ക്ക് മാത്രമാണ് ഏകീകൃത നിറം ഉള്ളത്. ഇത് കൂടാതെ റെന്റ് എ കാര്‍, റെന്റ് എ ബൈക്ക് സേവനങ്ങള്‍ക്കും ഔദ്യോഗികമായ അനുമതി നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചു.
