രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; സുഷമയെ പിന്തുണയ്ക്കാം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പരിഗണിക്കുകയാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കാമെന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. കൂടാതെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് ഒരുവട്ടം കൂടി അവസരം നല്‍കുന്നതിനും തങ്ങള്‍ എതിരല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസുമായി ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം കൂടികാഴ്ച നടത്തിയിരുന്നു.

അതേസമയം, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം ബി.ജെ.പി നേതൃത്വം തള്ളി. സ്ഥാനാര്‍ത്ഥിയായി പ്രശസ്ത്ര ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ബി.ജെ.പി തള്ളി. സ്വാമിനാഥന് പ്രായം കൂടുതലാണെന്നാണ് ബി.ജെ.പി നിലപാട്.

ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പാര്‍ട്ടി പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് സുഷമയെ പരിഗണിക്കുന്നത്.സ്പീക്കര്‍ സുമിത്രാ മഹാജന്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു, ഇന്ത്യന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞനും ആര്‍.എസ്.എസിന്റെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന്‍ ഭാരതിയുടെ അദ്ധ്യക്ഷനുമായ ഡോ. വിജയ് പാണ്ഡുരംഗ് ഭട്കര്‍ എന്നിവരും ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *