തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം മന്ത്രി കെ.സി.ജോസഫ്

തിരുവനന്തപുരം: തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഈ ആവശ്യത്തിനായി 365 കോടി രൂപ കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള കുടിശ്ശിക പൂര്‍ണ്ണമായും ഇതുവഴി നല്‍കുന്നതാണെന്നും തുടര്‍ന്നുള്ള വേതനവിതരണം കുടിശികയില്ലാതെ നല്‍കുവാനുള്ള എല്ലാ ക്രമീകരണവും ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതോടെ ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനം ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം കേരളമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം ലഭ്യമാക്കുന്ന സംവിധാനമാണ് ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനം. കേന്ദ്രസര്‍ക്കാരില്‍നിന്നു വേതനത്തുക സംസ്ഥാന സര്‍ക്കാരിലേക്കു വരികയും തുടര്‍ന്നു നോഡല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലേക്കു കൈമാറി അവിടെനിന്നും തൊഴിലുറപ്പു തൊഴിലാളികള്‍ക്കു ഇല്ക്‌ട്രോണിക് സംവിധാനം വഴി ലഭ്യമാക്കുകയായിരുന്നു നിലവിലുള്ള രീതി. ജനുവരി ഒന്നു മുതല്‍ നാഷണല്‍ ഇ.എഫ്.എം.എസ്. നടപ്പിലാക്കിയതോടെ കൂലി ലഭിക്കുന്നതിനാവശ്യമായ ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ നേരിട്ട് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടില്‍നിന്നും സംസ്ഥാന നോഡല്‍ ബാങ്ക് വഴി തൊഴിലാളികള്‍ക്കു കൂലി ലഭ്യമാക്കുവാനുള്ള സംവിധാനമായി. പുതിയ സമ്പ്രദായപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ അയയ്ക്കുന്ന ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ക്കനുസൃതമായ പണം ഓരോ ദിവസവും കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന നോഡല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് കൈമാറുകയും ഒരോ തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് തുക അന്നേ ദിവസം തന്നെ കൈമാറുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *