ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ പത്രിക തള്ളിയ സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണു സൂചന. പൊളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുവാനാണു തീരുമാനം.
പത്രികയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയിതാണ് ഭട്ടാചാര്യയുടെ പത്രിക തള്ളാന്‍ കാരണമായത്. പത്രിക സമര്‍പ്പിക്കാന്‍ അവസാന ദിനമായിരുന്ന ജൂലൈ 28ന് മൂന്നിനു മുന്‍പായി സന്പൂര്‍ണ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഭട്ടാചാര്യക്കു സാധിച്ചില്ലെന്നു കണ്ടെത്തിയാണ് വരണാധികാരി പത്രിക തള്ളിയത്.
ഇക്കാര്യത്തില്‍ എതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്നാണു പാര്‍ട്ടി അന്വേഷിക്കുന്നത്. സിപിഎമ്മിനു ബംഗാളില്‍ ഒറ്റയ്ക്കു വിജയിക്കുവാന്‍ സാധ്യതയില്ലെന്നും അതിനാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. ഇതോടെയാണ് ഭട്ടാചാര്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
