ഇന്നലെ നടന്ന നെഹ്റു ട്രോഫി വളളം കളി നിരാശയാണ് സമ്മാനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം കരയിലെ ഗ്യാലറികളില്‍ നിന്നും മൊബൈല്‍ ഫഌഷുകള്‍ വീശിയുളള പ്രതിഷേധം തനിക്കിഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ നടന്ന വളളം കളിയില്‍ അച്ചടക്ക രാഹിത്യമുളള പ്രവൃത്തികള്‍ നടന്നതായി മന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു. ചുണ്ടന് വളളങ്ങളുടെ മത്സരത്തിലെ ഹീറ്റ്സിലെ ടൈമിങ് ശരിയല്ല എന്നുപറഞ്ഞ് ഒരു വളളക്കാര്‍ വഴിമുടക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പരാതികള്‍ പരിശോധിക്കുമെന്നും കര്‍ക്കശ നടപടിയെടുക്കുമെന്നും ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്. പക്ഷെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. ഫൈനല്‍ അനിശ്ചിതമായി അങ്ങിനെ നീണ്ടു പോകുകയാണ്. നേരവും ഇരുട്ടി. പെട്ടെന്ന് കരയിലെ ഗാലറിയില്‍ ഒരു മിന്നാമിന്നി വെളിച്ചം. ആരോ കരയില്‍ മൊബൈലിലെ ഫ്ലാഷ് ഓണ്‍ ചെയ്തതാണ്. ചുറ്റുപാട് നിന്നും കുനു കുനെ മോബൈലുകള്‍ മിന്നിത്തുടങ്ങി.
ഒരു മെക്സിക്കന്‍ വേവ് പോലെ ഇരു കരകളിലും തെക്ക് നിന്ന് വടക്കോട്ട് മൊബൈല്‍ ഫ്ലാഷുകള്‍ തെളിയാന്‍ തുടങ്ങി. ഇത്തിരി വെട്ടം ഉദ്ദേശിച്ചാവാം തെളിച്ചതെങ്കിലും വള്ളംകളിയുടെ ശോഭ കെടുത്തിയവര്‍ക്ക് എതിരെയുള്ള നല്ലൊരു പ്രതിഷേധം ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാനും എന്റെ മൊബൈല്‍ വീശി. കാണികള്‍ ആകെ ഒരു ബഹളത്തിനും മുതിരാതെ കൃത്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ചു, സാധാരണ ഗതിയില്‍ കസേര ഒക്കെ തല്ലി പൊളിച്ചു പോകേണ്ടതാണ്. ഈ നിശബ്ദ പ്രതിഷേധം അവസാനിച്ചത് ഫൈനല്‍ തുടങ്ങിയപ്പോള്‍ ആണ്.
