കൗമാരക്കാരനായ മകന്റെ കൂട്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഒരു വീട്ടമ്മ കൂടി ജയിലിലേക്ക്

ലണ്ടന്‍: ഗ്ലാസ്‌കോയിലെ ലൂസി ഹൗഗേ എന്ന 37കാരിയായ വീട്ടമ്മയ്ക്ക് ഇനി ജയിലില്‍ കഴിയാം. മകന്റെ കൗമാരക്കാരനായ കൂട്ടുകാരനെ വീട്ടിലേക്ക് വശീകരിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മകന്റെ കൂട്ടുകാരനെ പീഡിപ്പിച്ചതിന്റെ ആവേശം കൂട്ടുകാരിയോട് പങ്ക് വച്ചതാണ് ലൂസിക്ക് വിനയായിത്തീര്‍ന്നിരിക്കുന്നത്. കുക്കിങ് ഷോ ആയ കം ഡൈന്‍ വിത്ത് മീയില്‍ മത്സരിച്ച് ജയിച്ച് 1000 പൗണ്ട് കാഷ് അവാര്‍ഡ് വാങ്ങിയ യുവതിയാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇവര്‍ കൗമാരക്കാരനുമായി അടുക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നത്. 2016 ജൂണിലായിരുന്നു പീഡനം നടന്നത്.

താന്‍ കൗമാരക്കാരനുമായി സെക്‌സ് ചെയ്ത അനുഭവം ഓണ്‍ലൈനിലൂടെയായിരുന്നു ലൂസി മറ്റൊരു സുഹൃത്തുമായി പങ്ക് വച്ചത്. കൗമാരക്കാരനെ പീഡിപ്പിച്ചതില്‍ അവര്‍ സുഹൃത്തിനോട് അല്‍പം പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സുഹൃത്ത് പീഡനത്തിന് വിധേയനായ ആണ്‍കുട്ടിയുടെ അമ്മയോട് വിവരം പറയുകയും സംഗതി പൊല്ലാപ്പാവുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ഈ കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ലൂസി ഗ്ലാസ്‌കോയിലെ ഷെറിഫ് കോടതിക്ക് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയും ലൂസിയുടെ സുഹൃത്തായിരുന്നു. അതില്‍ അവരുടെ വീട്ടിലെ സന്ദര്‍ശകയായിരുന്നു ലൂസിയെന്നും കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ലൂസി ഈ കൗമാരക്കാരനുമായി ഓണ്‍ലൈനില്‍ ചാറ്റുകയും തന്റെ വീട്ടിലേക്ക് ജൂണ്‍ 25ന് വരാന്‍ ക്ഷണിക്കുകയുമായിരുന്നുവെന്നാണ് വിചാരണക്കിടെ പ്രോസിക്യൂട്ടര്‍ ക്ലെയ്‌റെ വൈറ്റ് ബോധിപ്പിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ കളിക്കാനാണെന്ന് തന്റെ അമ്മയോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കൗമാരക്കാരന്‍ ലൂസിയുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും കോടതിയില്‍ പ്രോസിക്യൂട്ടര്‍ വിവരിച്ചിരുന്നു. വീട്ടിലെത്തിയ കുട്ടിയോട് കുറച്ച് സമയം പുറത്ത് സംസാരിച്ചിരുന്ന ലൂസി പിന്നീട് അവനെ ബെഡ്‌റൂമിലേക്ക് നയിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

സംഭവത്തിന് ശേഷം ടീനേജര്‍ വീണ്ടും ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെട്ടുവെങ്കിലും താന്‍ തയ്യാറായില്ലെന്ന് ലൂസി തന്റെ കൂട്ടുകാരിയോട് ഫേസ്ബുക്ക് മെസഞ്ചറിലൂടെ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ലൈംഗിക ബന്ധത്തിന്റെ വിവരണങ്ങള്‍ പോലും ലൂസി ചാറ്റിലൂടെ കൂട്ടുകാരിയോട് വെളിപ്പെടുത്തിയിരുന്നുവത്രെ. ഈ സംഭാഷണം ഡിലീറ്റ് ചെയ്യാനും ലൂസി കൂട്ടുകാരിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ കൂട്ടുകാരി കൗമാരക്കാരന്റെ അമ്മയുമായി ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ടീനേജര്‍ പൊട്ടിക്കരയുകയും താന്‍ ലൂസിയുമായി സെക്‌സ് ചെയ്തതായി സമമതിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പിടിയിലായി ലൂസിയെ ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും താന്‍ തെറ്റ് ചെയ്തില്ലെന്ന് ആവര്‍ത്തിക്കുക മാത്രമായിരുന്ന ലൂസിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *