മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നു

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ഒക്ടോബര്‍ 9, 10 തീയതികളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും.

ആദ്യദിവസം മുഖ്യമന്ത്രി ഉള്‍പ്പടെ ആറ് മന്ത്രിമാരുടെ കീഴില്‍വരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക. രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകള്‍. കാലത്ത് ആരംഭിക്കുന്ന അവലോകനം വൈകീട്ട് വരെയുണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നത്. അതത് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും അതില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 11ന് വാര്‍ഷിക പദ്ധതിയുടെ ത്രൈമാസ അവലോകനമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഓരോ മൂന്നുമാസം കൂടുമ്‌ബോഴും പദ്ധതിച്ചെലവ് മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. അതുകാരണം പദ്ധതി നിര്‍വഹണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ധൃതിപിടിച്ച് പണം ചെലവഴിക്കുന്ന രീതിക്ക് മാറ്റം വന്നു.

Leave a Reply

Your email address will not be published. Required fields are marked *