നാറാത്ത് ആയുധ പരിശീലന കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യമായി ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എന്‍.ഐ.എഅറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അസ്ഹറുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ അബ്ദുള്‍ അസീസിന് (41) ഏഴു വര്‍ഷവും മറ്റ് 20 പ്രതികള്‍ക്ക് അഞ്ചു വര്‍ഷവും തടവുശിക്ഷ എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. 22ാം പ്രതി കണ്ണൂര്‍ കുമ്മായക്കടവ് അത്തക്കര വീട്ടില്‍ എ.വി. കമറുദ്ദീനെ വെറുതേ വിടുകയും ചെയ്തിരുന്നു.

രഹസ്യമായി ആയുധ പരിശീലനം നടത്തുന്നെന്ന വിവരത്തെത്തുടര്‍ന്ന് 2013 ഏപ്രില്‍ 23 നാണ് പൊലീസ് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയത്. മാരകായുധങ്ങളും ബോംബുകളും കണ്ടെടുത്തു. 2013 ജൂലായ് 24 ന് അന്വേഷണം എന്‍.ഐ.എയ്ക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *