ദില്ലിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ ഒളിവില്‍

ദില്ലി: ദില്ലിയില്‍ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗ (21) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ കാമുകന്‍ അര്‍ജുന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ‘വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടിയെ അന്വേഷിച്ച് അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന വീട്ടുകാരാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.’ കൊലപാതക കാരണം വ്യക്തമായിട്ടില്ല.

ഏറെ നാളായി പ്രണയത്തിലായിരുന്ന യോഗയും അര്‍ജുനും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യോഗ. അര്‍ജുന്‍ നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. പെണ്‍കുട്ടി സ്വയം പോയതാണോ അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ എന്ന് അന്വേഷിച്ച് വരികയാണ്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *