ഷാജഹാന് ശേഷം ഔറംഗസേബ് തന്നെ; രാഹുലിന്റെ സ്ഥാനാരോഹണത്തെ പരിഹസിച്ച് മോഡി

വല്‍സദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഗള്‍ ഭരണത്തില്‍ ഷാജഹാന് ശേഷം ഔറംഗസേബ് തന്നെ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. അതുപോലെ കോണ്‍ഗ്രസിലും കുടുംബവാഴ്ചയാണെന്ന് അവര്‍ സമ്മതിച്ചിരിക്കുകയല്ലേ എന്ന് മോഡി ചോദിച്ചു. ഔറംഗസേബ് രാജ് സമ്ബ്രദായത്തിലുള്ള തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നുവെന്നും മോഡി പറഞ്ഞു.
വല്‍സദില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. ബി.ജെ.പിക്ക് ജനങ്ങളുടെ നന്മയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. 125 കോടി ജനങ്ങളാണ് തങ്ങളുടെ ഹൈക്കമാന്‍ഡ് എന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഡിയുടെ പരിഹാസം.
എതിരില്ലാതെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതും എതിരില്ലാതെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *