ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് കുറ്റപ്പെടുത്തി. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിന് പോലും കേരളത്തില്‍ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദനാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താല്‍പര്യങ്ങള്‍’ എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തു പോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി പാക്കേജിലെ 1,400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *