വയനാട്ടില്‍ ഒരുകോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

പുല്‍പ്പള്ളി: വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. നോട്ടുകള്‍ കൈമാറാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിനെ പോലീസ് പിടികൂടി. പുല്‍പ്പള്ളിയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്. 50 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 50 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

മാരുതി ആള്‍ട്ടോ കാറില്‍ കുരുമുളക് ചാക്കില്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. പയ്യന്നൂരില്‍ നിന്നാണ് തങ്ങള്‍ നിരോധിച്ച നോട്ടുകള്‍ ശേഖരിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. ബസിലാണ് നോട്ടുകെട്ടുകള്‍ പുല്‍പ്പള്ളിയിലെത്തിച്ചത്. അവിടെനിന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

ഇരിട്ടി സ്വദേശികളായ രണ്ടുപേരും, വയനാട് സ്വദേശികളായ മുന്നുപേരുമാണ് പിടിയിലായത്. നോട്ടുകള്‍ എന്തിനുവേണ്ടിയാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം കൃത്യമായ അന്വേഷണം നടത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *