തിരുവനന്തപുരം: മന്ത്രിതല സംഘത്തിന്റെ മൂന്നാര്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന രഹസ്യ അജണ്ട നടപ്പാക്കുന്നതിനായാണ് മന്ത്രിതല സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.
അതേസമയം, മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്ന മന്ത്രിതല സംഘം ഇന്ന് സ്ഥലത്തെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. റവന്യൂ മന്ത്രിക്കു പുറമേ വനം മന്ത്രി കെ. രാജു, വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് എന്നിവരും പങ്കെടുത്തേക്കുമെന്നാണ് വിവരം.
