സഊദി കെ.എം.സി.സി കാരുണ്യ ദിനം 2017 നാളെ എടവണ്ണപ്പാറയില്‍; 160 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്യും

മലപ്പുറം: സഊദി കെ.എം.സി.സിയുടെ 38ാം വാര്‍ഷിക മഹാ സമ്മേളനവും കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള 2017 വര്‍ഷത്തെ സഹായവിതരണവും ‘കാരുണ്യദിനം 2017’ എന്ന പേരില്‍ നാളെ എടവണ്ണപ്പാറ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതി വിഹിതം വിതരണം ചെയ്യും. ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി ഏറ്റുവാങ്ങും. പദ്ധതി വിഭാവനം ചെയ്ത പ്രകാരം അഞ്ചു ലക്ഷം രൂപയുടെ ധനസഹായം വീതം ഒരു കോടി അറുപത് ലക്ഷം രൂപയാണ് ചടങ്ങില്‍ വിതരണം  ചെയ്യുന്നത്.

കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ നാല് വര്‍ഷം പിന്നിട്ട സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കേ മരണപ്പെട്ട മുപ്പത്തി രണ്ട് പ്രവാസികളുടെ അനാഥമായ കുടുംബങ്ങള്‍ക്കാണ് ഈ വര്ഷം സഹായം വിതരണം ചെയ്യുന്നത്.

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന സുരക്ഷാ പദ്ധതിയില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ മലപ്പുറം, പാണക്കാട്, ആലപ്പുഴ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍   അഞ്ചു കോടിയോളം രൂപയാണ് വിതരണം ചെയ്തത്. ഒരു ലക്ഷത്തോളം അംഗങ്ങളാണ് ഇക്കാലത്തിനിടയില്‍ പദ്ധതിയുമായി സഹകരിച്ചത്. പദ്ധതിയുടെ 2018 ലേക്കുള്ള പ്രചാരണ കാമ്പയിന്‍ നടന്നു വരികയാണ്. നവംബര്‍ ഒന്നിന് ആരംഭിച്ച ഈ കാമ്പയിന്‍ ഡിസംബര്‍ 31നു അവസാനിക്കും.

മരണമടഞ്ഞ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പുറമേ, മാരക രോഗങ്ങള്‍ പുതുതായി കണ്ടെത്തിയ നൂറ്റി ഇരുപത്തിഅഞ്ചോളം അംഗങ്ങള്‍ക്ക് ചികിത്സാ സഹായമായി മുക്കാല്‍ കോടിയോളം രൂപയും  ഇതിനകം വിതരണം ചെയ്യുകയുണ്ടായി. പദ്ധതിയുടെ നടത്തിപ്പിനും, അപേക്ഷ കിട്ടുന്ന മുറക്ക് ചികിത്സാ സഹായങ്ങള്‍ അംഗങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതിനുമായി കെ.എം.സി.സി കേരള എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് വിപുലമായ സജ്ജീകരണങ്ങള്‍ സൗദി നാഷണല്‍ കമ്മിറ്റി കോഴിക്കോട് കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുണ്ട്..

നാല് വര്‍ഷം കൊണ്ട് സഊദി പ്രവാസികള്‍ക്കിടയില്‍ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മാറിക്കഴിഞ്ഞു. പുതിയ വര്‍ഷത്തെ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഈ ഡിസംബര്‍ അവസാനത്തോടെ സമാപിക്കും, ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ കെ.എം.സി.സിയുടെ സഹായ പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരെയും പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ക്കുന്നുണ്ട്.

നാളെ രാവിലെ എട്ടര മണിക്ക് പതാക ഉയര്‍ത്തുന്നതോടെ മുഴുവന്‍ ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളന പരിപാടികള്‍ ആരംഭിക്കും. പ്രതിനിധി സമ്മേളനം, കുടുംബ സംഗമം, പ്രവാസി സെമിനാര്‍, പൊതുസമ്മേളനം എന്നിവ നടക്കും, കേരളാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി എ മജീദ്, പി.കെ.കെ ബാവ, എം.എല്‍.എ മാര്‍, തുടങ്ങി മത രാഷ്ട്രീയ  സാംസ്‌ക്കാരിക നേതാക്കള്‍ നാല് സെഷനുകളിലായി സമ്മേളനത്തില്‍ പങ്കെടുക്കും.

കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ഭാരവാഹികളായ ഇബ്രാഹീം മുഹമ്മദ്, മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീര്‍ മൂന്നിയൂര്‍, റഫീഖ് പാറക്കല്‍, സി.കെ ഷാക്കിര്‍, കുന്നുമ്മല്‍ കോയ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *