എ ഐ സി സി ആസ്ഥാനത്തെ രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഓർമിച്ച് സോണിയ ഗാന്ധി. ഇന്ദിര ഗാന്ധി തന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. ഇന്ത്യയെ കുറിച്ച് ഒരുപാടറിഞ്ഞത് ഇന്ദിര ഗാന്ധിയിൽ നിന്നാണെന്നും സോണിയ പറഞ്ഞു.
ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും വിടപറഞ്ഞപ്പോൾ ഒറ്റക്കായെന്ന് തോന്നി. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സമയമെടുത്തു. എന്നാൽ പാർട്ടി എല്ലാമായി.
2014 മുതൽ കോൺഗ്രസ് പ്രതിപക്ഷത്താണ്. ഇന്ന് നേരിടുന്നത് വലിയ ഭീഷണിയാണ്. നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. കോൺഗ്രസ് നിരവധി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. എന്നാൽ ആർക്കു മുന്നിലും തലകുനിക്കില്ല.
രാഹുൽ എന്റെ മകനാണ്. അതുകൊണ്ട് രാഹുലിനെ പ്രശംസിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം. ചെറുപ്പം മുതൽ രാജ്യത്തു സംഭവിക്കുന്നത് രാഹുൽ നിരീക്ഷിക്കുന്നുണ്ട്. രാഹുലിനെതിരെ വ്യക്തിപരമായി നിരവധി ആക്രമണങ്ങൾ നടന്നു. ഇതൊക്കെ രാഹുലിനെ ശക്തനാക്കുകയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
