ഡല്‍ഹി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌കെജ്രിവാളിനെ ഒഴിവാക്കി; പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഉദ്ഘാടകര്‍

ന്യുഡല്‍ഹി: ഡല്‍ഹി മെട്രോയുടെ അനുബന്ധ നിര്‍മ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി. ന്യു മാഗെന്ത ലൈന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുമാണ് കെജ്രിവാളിനെ ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ഡിസംബര്‍ 25ന് മെട്രോ ഉദ്ഘാടനം ചെയ്യും. നോയിഡയില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹിയിലെ കല്‍ക്കജിയില്‍ അവസാനിക്കുന്ന മെട്രോ ലൈന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുമാണ് കെജ്രിവാളിനെ ഒഴിവാക്കിയത്.

 
12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ലൈന്റെ സിംഹഭാഗവും രാജ്യതലസ്ഥാനത്ത് കൂടിയാണ്. എന്നിട്ടും ഡല്‍ഹി മുഖ്യമന്ത്രിയെ ഒഴിവാക്കുകയും ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ മുഖ്യമന്ത്രി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്. നോയിഡയിലാണ് മെട്രോയുടെ ഉദ്ഘാടന ചടങ്ങ്. നഗരവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും 50:50 പങ്കാളിത്തമുള്ള സ്ഥാപനമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. രണ്ട് സംസ്ഥാനങ്ങളിലൂടെയുള്ള മെട്രോ ലൈന് ഇരു സംസ്ഥാന സര്‍ക്കാരുകളും ഫണ്ട് നല്‍കുന്നുണ്ട്.

 
വസ്തുത ഇതായിരിക്കെയാണ് കെജ്രിവാളിനെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്. കെജ്രിവാളിനെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് നഗരവികസന മന്ത്രാലയവും യുപി സര്‍ക്കാരുമാണ് വ്യക്തമാക്കേണ്ടതെന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *