വാടകയ്‌ക്കെടുത്ത വാഹനം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പന്തളത്ത് അറസ്റ്റില്‍

പന്തളം:  വാഹനങ്ങള്‍ വാടകക്കു എടുത്തു മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാളെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ഇരവിപുരം വില്ലേജില്‍ തട്ടാമല മങ്കുഴി തെക്കേതില്‍ അഫ്‌സല്‍(24)ആണ് അറസ്റ്റിലായത്. പന്തളം സുമയ്യ മന്‍സിലില്‍ അഷറഫിന്റെ കാര്‍ സഹോദരന്റെ മകന്റെ സുഹൃത്തായ ശ്രീജിത്തിനു വാടകക്കു നല്‍കിയിരുന്നു. ശ്രീജിത്ത് കാര്‍ കൊല്ലം ഇരവിപുരം സ്വദേശിക്കു മറിച്ചു നല്‍കി.

തുടര്‍ന്ന് പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കാര്‍ കൊല്ലം സ്വദേശിക്ക് പണയപ്പെടുത്തുകയായിരുന്നു. അഷറഫ് കാര്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണയമായി വാങ്ങിയ ആള്‍ വന്‍തുക ആവശ്യപ്പെടുകയും അതു നല്‍കിയില്ലാ എങ്കില്‍ തമിഴ്‌നാട്ടില്‍ എത്തിച്ച് പൊളിച്ചു വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ ഉടമയായ അഷറഫ് പന്തളം പോലീസില്‍ പരാതി നല്‍കി. പോലീസ്് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ അഫ്‌സലിനെ പന്തളം ടൗണില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

വാടകക്കു വാഹനങ്ങള്‍ എടുത്തു മറിച്ചു വില്‍ക്കുന്ന ഒരു വന്‍ റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്നും കാര്‍ വാടകക്കു എടുത്ത് കൊണ്ടുപോയ ശ്രീജിത്ത് അടക്കമുള്ള പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പന്തളം സി.ഐ.ഇ.ഡി.ബിജു, എസ്.ഐ. ബി.സജീഷ് കുമാര്‍, ജൂനിയര്‍ എസ്.ഐ കെ.എസ് സുജിത്ത് സി.പി.ഒ മാരായ മനോജ്, രാജേഷ് ചെറിയാന്‍, എച്ച്.ഖബീര്‍, എച്ച്.സി.മോഹനന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതി അഫ്‌സലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *