ന്യൂഡെല്‍ഹി: ഒടുവില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി. ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. ഇതോടെ ദിവസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കമാണ് ഒത്തുതീര്‍പ്പായത്. കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഹിമാചലില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. എന്നാല്‍ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിച്ച് പരിചയമുള്ള താക്കൂര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. ഇടയ്ക്ക് ഗ്രാമവികസന മന്ത്രായത്തിന്റെ ചുമതല വഹിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാല്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടി നീക്കം ആരംഭിച്ചത്. ജെ.പി.നദ്ദയുടെ പേരും ഇടയ്ക്ക് പറഞ്ഞ് കേട്ടെങ്കിലും അപ്രതീക്ഷിതമായി താക്കൂറിന് നറുക്ക് വീഴുകയായിരുന്നു.
