മലപ്പുറം: സംസ്ഥാന സ്‌പെഷല്‍ ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തിന് ജില്ലാ പഞ്ചായത്ത് പ്രതീക്ഷാ പദ്ധതിയുടെയും ജില്ലാ സ്‌പെഷല്‍ സ്‌കൂള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് അങ്കണത്തില്‍ സ്വീകരണം നല്‍കി. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ സ്‌പെഷല്‍ ഒളിംപിക്‌സ് ദീപശിഖ ഒളിംപ്യന്‍ നൂറുദീന്‍ ഫഹദിന് കൈമാറി. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം ലക്ഷ്മീഭായി നാഷനല്‍ കോളെജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനിലാണ് സംസ്ഥാന സ്‌പെഷല്‍ ഒളിംപിക്‌സ് നടക്കുക. ഇതിന്റെ ഭാഗമായി ജനുവരി 28 ന് കാസര്‍ഗോഡു നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണത്തിനാണ് മലപ്പുറത്ത് സ്വീകരണം നല്‍കിയത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ കായികശേഷി വികസിപ്പിക്കുന്നതിനായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്‌പെഷല്‍ ഒളിംപിക്‌സ് ഇന്റര്‍നാഷനല്‍. ഇന്റര്‍നാഷനല്‍ ഒളിംപിക്‌സ് കമ്മറ്റിയുടെ നേരിട്ടുള്ള അംഗീകാരത്തോടെയാണ് സ്‌പെഷല്‍ ഒളിംപിക്‌സ് 179 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഭിന്നശേഷിക്കാരായ കായിക പ്രതിഭകളെ അണിനിരത്തി സംസ്ഥാന കായികമേള നടക്കുന്നത്. ജില്ലയില്‍ നിന്നുള്ള 173 പേരടക്കം 6,000 പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സലീം കരുവമ്പലം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഹാജറുമ്മ, ഡോ. സുനില്‍ദാസ്, സിസ്റ്റര്‍ അക്ഷയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
