മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ‘ന്യൂനപക്ഷ വിധവ ഭവനനിര്‍മാണ’ പദ്ധതി പ്രകാരം 2015-16 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നഗരകാര്യ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട വിധവ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിന് 2.5 ലക്ഷം നല്‍കുന്നത്. പനമ്പിലാവ് സ്വദേശിയായ റോസമ്മ, ചെറുമുക്ക് സ്വദേശിയായ ഖദീജ എന്നിവര്‍ക്ക് മന്ത്രി ആദ്യഗഡുവായ 50,000 രൂപയുടെ ചെക്ക് കൈമാറി. 2015-16 ല്‍ 200 ഗുണഭോക്താക്കളെയാണ് പദ്ധതി പ്രകാരം തിരഞ്ഞെടുത്തിട്ടുള്ളത് സ്വന്തമായി 2.5 സെന്റ് ഭൂമിയുള്ളവര്‍ക്കാണ് ധനസഹായം ലഭിക്കുക. മാനസിക-ശാരീരിക പരിമിതിയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ട്, മൂന്ന് ഗഡുക്കള്‍ ഒരു ലക്ഷം വീതമാണ്. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് ഈ തുകയും ഗുണഭോക്താക്കള്‍ക്ക് നല്‍കും. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്, ന്യനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ സലീന, ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പില്‍, ന്യൂനപക്ഷ ക്ഷേമ വിഭാഗം
ജൂനിയര്‍ സൂപ്രണ്ട് പി. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
