തിരുവനന്തപുരം: ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമ സംഭവങ്ങളില്‍ ഉണ്ടായ കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .എന്നാല്‍ സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കി കേരളത്തിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ അക്രമസംഭവങ്ങളില്‍ കാര്യമായ കുറവു വരുത്താന്‍ കഴിഞ്ഞു. 2017ല്‍ രാഷ്ട്രീയ കൊലപാതക കേസുകളുടെ എണ്ണം അഞ്ച് ആയി കുറഞ്ഞു. രാഷ്ട്രീയ അക്രമ കേസുകള്‍ 1522 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ പതിനാല് കൊലപാതക കേസുകളും 1768 അക്രമ കേസുകളും രജിസ്റ്റര്‍ ചെയ്തിടത്താണ് 2017ല്‍ കുറവു വന്നത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മിക്ക ജില്ലകളിലും അക്രമ കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയുന്നത്. സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കി കേരളത്തിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
