കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. 31 നെതിരെ 55 വോട്ടുകള്‍ക്കാണ് രേഖ തള്ളിക്കളഞ്ഞത്.
ഇതോടെ പ്രകാശ് കാരാട്ട് തയ്യാറാക്കിയ കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ പാടില്ലെന്ന നയരേഖ മാത്രമാകും പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്ബാകെ എത്തുക. കാരാട്ടും യെച്ചൂരിയും അവതരിപ്പിച്ച രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകട്ടെ എന്ന നിലപാട് ബംഗാള്‍ ഘടകം ഒത്തുതീര്‍പ്പ് നിര്‍ദേശമായി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ രണ്ട് രേഖകള്‍ വേണ്ട വോട്ടെടുപ്പ് നടത്തി ഏത് രേഖ അംഗീകരിക്കണമെന്ന് തീരുമാനിക്കാമെന്ന കാരാട്ട് പക്ഷത്തിന്റെ പിടിവാശിയാണ് ഒടുവില്‍ വിജയം കണ്ടത്.
ഫലത്തില്‍ ജനറല്‍ സെക്രട്ടറി തന്നെ അവതരിപ്പിച്ച ഒരു രേഖ പാര്‍ട്ടി തന്നെ തള്ളിക്കളഞ്ഞ അസാധാരണ പ്രതിസന്ധിയിലാണ് സിപിഎം എത്തിയിരിക്കുന്നത്. നയരേഖയുടെ ചര്‍ച്ചാവേളയില്‍ ഒരു ഘട്ടത്തില്‍ തന്റെ രേഖ അംഗീകരിക്കുന്നില്ലെങ്കില്‍ സ്ഥാനം രാജിവെക്കുമെന്ന് യെച്ചൂരി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്രകമ്മിറ്റി തള്ളിയാലും അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ആ ഘട്ടത്തില്‍ ബംഗാള്‍ ഘടകത്തിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസുമായി ധാരണ എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈനിനെ അനുകൂലിച്ചത് ബംഗാളില്‍നിന്നുള്ള പ്രതിനിധികളെക്കൂടാതെ ത്രിപുരയിലെയും തമിഴ്നാട്ടിലെയും ഓരോ പ്രതിനിധികള്‍ മാത്രമാണ്. സമവായമുണ്ടാക്കാനായി ശനിയാഴ്ച രാത്രി എട്ടുമുതല്‍ പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല.
വോട്ടെടുപ്പില്‍ തീരുമാനിക്കാം എന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടും അവരുടെ ഭൂരിപക്ഷവുമാണ് ഒടുവില്‍ യെച്ചൂരിയുടെ രേഖ തള്ളുന്നതിലേക്ക് എത്തിച്ചത്. എട്ട് സംസ്ഥാന കമ്മിറ്റിയും യെച്ചൂരിയുടെ നിലപാടിനൊപ്പമായിരുന്നു.
കേരള ഘടകം ഒന്നടങ്കം കാരാട്ട് പക്ഷത്തിന്റെ നിലപാടിനൊപ്പം നിന്ന് യെച്ചൂരിയുടെ രേഖയെ ശക്തമായി എതിര്‍ത്തു
