തൊഴില്‍ ലിംഗസമത്വത്തിന് നിയമാവലിയുമായി സൌദി

മനാമ : സ്വകാര്യ തൊഴില്‍മേഖലയില്‍ സ്ത്രി-പുരുഷ സമത്വം ഉറപ്പുവരുത്തുന്ന പുതിയ നിയമാവലിക്ക് സൌദി അംഗീകാരം നല്‍കി. രണ്ടു വര്‍ഷംമുമ്ബ് ആവിഷ്കരിച്ച നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമാവലി തയ്യാറാക്കിയത്. ഓരേ ജോലി ചെയ്യുന്ന സ്ത്രി-പുരുഷ ജീവനക്കാര്‍ക്ക് സമവേതനം ഉറപ്പുവരുത്തുന്നതാണ് പ്രധാന ഭേദഗതി. വനിതകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പുതിയ ചില വ്യവസ്ഥകളും മാനദണ്ഡങ്ങളും നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വനിതകളെ നിയമിക്കുന്നതിന് തൊഴില്‍, സാമൂഹ്യവികസന മന്ത്രാലയത്തില്‍നിന്നോ മറ്റേതെങ്കിലും വകുപ്പുകളില്‍നിന്നോ മുന്‍കൂര്‍ അനുമതി നേടേണ്ടതില്ല. ഓഫീസ് ജോലിയിലുള്ള വനിതകള്‍ക്ക് സ്വകാര്യത ഉറപ്പാക്കുന്ന മുറികള്‍ ലഭ്യമാക്കണം. പൊതുജനങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങളില്‍ വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തണം.

പഴയ നിയമാവലി തൊഴിലുടമകള്‍ക്കുള്ള മോഡല്‍ ഗൈഡ് ആയിരുന്നെങ്കില്‍ പുതിയ നിയമാവലി മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളള്‍ക്കും ബാധകമായ ഏകീകൃത ഗൈഡാണ്. തൊഴില്‍, സാമൂഹ്യവികസന മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ പൊതുമാതൃകാ നിയമാവലിയില്‍ തൊഴിലുടമകള്‍ക്ക് വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാം.

തൊഴില്‍, സാമൂഹ്യവികസന മന്ത്രി ഡോ. അലി അല്‍ഗഫീസാണ് നിയമാവലി അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *