ക്യാന്‍സര്‍ ചികിത്സയ്ക്ക് മരുന്ന്: വ്യാജസന്ദേശത്തിനെതിരെ ഡോ വി പി ഗംഗാധരന്‍ പരാതി നല്‍കി

കൊച്ചി: ക്യാന്‍സര്‍ രോഗ ചികിത്സയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന് ഡോ. വി പി ഗംഗാധരന്‍. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

ഡോ. വി പി ഗംഗാധരന്റെ ചിത്രവും പേരും ഉപയോഗിച്ചാണ് സന്ദേശം പ്രചരിക്കുന്നത്. അശ്രദ്ധയോടെ അല്ലാതെ ആരും ക്യാന്‍സര്‍ കൊണ്ട് മരിക്കരുത് എന്ന് മുഖവുര നല്‍കിയാണ് സന്ദേശം. പഞ്ചസാര മാറ്റിനിര്‍ത്തുക, ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് ദിവസവും രാവിലെ ഒരുമാസത്തേക്ക് കഴിക്കുക, മൂന്ന് സ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ രാവിലെയും രാത്രിയും കഴിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സന്ദേശത്തിലുള്ളത്.

ക്യാന്‍സര്‍ ചികിത്സയുടെ പേരില്‍ പ്രചരിക്കുന്നത് തന്റെ അറിവോടെയല്ലെന്നും ഇത് ചികിത്സയെക്കുറിച്ച് സമൂഹത്തില്‍ തെറ്റിധാരണ പരത്താന്‍ ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പ്രചരിക്കുന്ന സന്ദേശത്തിന്റെ വിവരങ്ങളും സന്ദേശം കൈമാറി വന്ന അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് സൈബര്‍സെല്‍ എസ്‌ഐ പ്രമോദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *