സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നത് പാര്‍ട്ടിയിലെ ജീര്‍ണതയുടെ ആഴമാണ് വെളിവാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പോലും ഇത് തുറന്ന് പറയേണ്ടി വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിസംഗത പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് അദ്ദേഹവും കൂട്ടുനില്‍ക്കുന്നു എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് കോടിയേരിയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ആ കത്തിന്മേല്‍ അന്വേഷണം നടത്തേണ്ടതിന്റെ പ്രസക്തി യെച്ചൂരിയുടെ പ്രസാവനയോടെ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *