തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നവരോടുള്ള വെള്ളിവിളിയാണ് യു.ഡി.എഫിന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോടിയേരിക്ക് മറുപടിയുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന് രംഗത്തെത്തി. സമാധാനയോഗം പ്രഹസനമായതിനാലാണ് സമാധാനയോഗത്തില്‍ നിന്നും പിന്മാറിയതെന്ന് ഹസന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്ത കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി മന്ത്രി എ.കെ.ബാലന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസും യു.ഡി.എഫും പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു.
രാവിലെ 10.30ഓടെ മന്ത്രി എ.കെ.ബാലന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മന്ത്രിയെ കൂടാതെ ജില്ലാ കളക്ടറും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും യോഗത്തിനെത്തിയിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ കെ.കെ.രാഗേഷ് യോഗത്തിനെത്തിയത് കോണ്‍ഗ്രസ് ചോദ്യം ചെയ്തതോടെയാണ് പ്രശ്നത്തിന് തുടക്കമായത്.
സി.പി.എമ്മുകാര്‍ മാത്രം യോഗം ചേര്‍ന്നാല്‍ മതിയെന്നാണെങ്കില്‍ അങ്ങനെ ആവട്ടെയെന്ന് പാച്ചേനി പറഞ്ഞു. യോഗം വിളിച്ചതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളേയും വിളിക്കുമായിരുന്നെന്ന് പാച്ചേനി പറഞ്ഞു. മുഖ്യമന്ത്രി വിളിക്കാതെ ഇനി സമാധാന യോഗത്തിനില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ഇറങ്ങിപ്പോവുകയായിരുന്നു.
