ആവേശക്കടലായി കോഴിക്കോട്, കേരള വനിതകളുടെ പോരാട്ട വീര്യത്തെ ചെറുത്ത് തോല്പിച്ച്‌ റെയില്‍വേസ്

66ാമത് സീനിയര്‍ ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് ചാമ്ബ്യന്മാര്‍. അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് കേരളം മത്സരത്തില്‍ പരാജയം സമ്മതിച്ചത്. ഒന്നാം സെറ്റ് ഏകപക്ഷീയമായ സ്കോറിനു റെയില്‍വേസ് ജയിച്ചപ്പോള്‍ രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ 28-26 എന്ന സ്കോറിനു കേരളം സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 9-17 എന്ന സ്കോറിനു പിന്നിലായിരുന്ന കേരളം പിന്നീട് മികച്ച തിരിച്ചുവരവ് നടത്തി 25-21നു സെറ്റ് സ്വന്തമാക്കുകയായിരുന്നു. നാലാം സെറ്റ് റെയില്‍വേസ് സ്വന്തമാക്കിയപ്പോള്‍ മത്സരം നിര്‍ണ്ണായകമായ അഞ്ചാം സെറ്റിലേക്ക് നീങ്ങി.

അഞ്ചാം സെറ്റില്‍ തുടക്കത്തിലെ ആധിപത്യം പുലര്‍ത്തിയ റെയില്‍വേസ് 8-4നു ഇടവേളയ്ക്ക് ലീഡ് ചെയ്തു. എന്നാല്‍ ക്വോര്‍ട്ട് മാറിയ ശേഷം ഫോം കണ്ടെത്തിയ കേരളം 8-9 എന്ന നിലയിലേക്ക് ലീഡ് കുറച്ചെത്തി. അഞ്ജു ബാലകൃഷ്ണനും അനുശ്രീയും അഞ്ജലിയുമെല്ലാം കേരളത്തിനായി നിറഞ്ഞ് തളിച്ചപ്പോള്‍ കേരളം 10-10നു ഒപ്പം പിടിച്ചു. എന്നാല്‍ തുടരെ രണ്ട് പോയിന്റ് സ്വന്തമാക്കി റെയില്‍വേസ് 12-10ന്റെ ലീഡ് കരസ്ഥമാക്കി.

തന്റെ അനുഭവസമ്ബത്ത് പുറത്തെടുത്ത് മിനിമോള്‍ റെയില്‍വേസിനെ 14-12 എന്ന സ്കോറിലേക്ക് എത്തിച്ചു. അടുത്ത സര്‍വ്വില്‍ തന്നെ പോയിന്റും നേടി അവര്‍ കിരീടവും കരസ്ഥമാക്കി.

കോഴിക്കോട് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ വനിത വിഭാഗത്തില്‍ 26 ടീമുകളാണ് പങ്കെടുത്തത്. പുരുഷ വിഭാഗത്തിലും കേരളം-റെയില്‍വേസ് ഫൈനലാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *