തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട: യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരില്‍ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്തൃശൂര്‍ ദേശീയപാതയില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് 60 കിലോ കഞ്ചാവ് പിടികൂടിയത്. ദേശീയപാത വഴി കഞ്ചാവ് കടത്തുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വെന്നിയൂരില്‍ വാഹന പരിശോധന ശക്തമാക്കിയിരുന്നു.

ഇടുക്കി സ്വദേശിയായ അഖില്‍, ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി എന്നിവരെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്. രണ്ടു മുതല്‍ രണ്ടേ മുക്കാല്‍ കിലോ വരെയുള്ള 27 പാക്കറ്റുകളിലായി കാറിനുള്ളില്‍ രഹസ്യ അറയ്ക്കുള്ളിലാണ് ഇവര്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മലപ്പുറം ജില്ലയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. മാസങ്ങള്‍ക്ക് മുന്‍പ് അരീക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മയക്കുമരുന്നുകളും കഞ്ചാവും പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *