ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാലാവധ പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരിക്ക് പതിവില്ലാത്ത ഉപദേശവുമായി രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. ശരീരഭാരം കുറച്ച് കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാന്‍ ശ്രമിക്കണമെന്നായിരുന്നു നായിഡുവിന്റെ ഉപദേശം. കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് ബുധനാഴ്ച നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് രേണുകാ ചൗധരിക്ക് രാജ്യസഭാ അദ്ധ്യക്ഷന്റെ സൗജന്യ ഉപദേശം ലഭിച്ചത്.
‘ഞാന്‍ ഇത്രയും തടി വയ്ക്കുന്നതിന് മുന്പ് തന്നെ വെങ്കയ്യ നായിഡുവിന് എന്നെ അറിയാം. എന്റെ വണ്ണത്തെ കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. പൊതുപ്രവര്‍ത്തനത്തിന് ഈ തടി കുറയ്‌ക്കേണ്ടതുണ്ട് – രേണുക പറഞ്ഞു.
ഇതിന് പിന്നാലെയായിരുന്നു നര്‍മത്തിലും എന്നാല്‍ കോണ്‍ഗ്രസിനെ കുത്തിയുള്ള വെങ്കയ്യ നായിഡുവിന്റെ കമന്റ്.
‘രേണുകാ, നിങ്ങള്‍ തടി കുറയ്ക്കണമെന്നാണ് എന്റെ ചെറിയ ഉപദേശം. ഒപ്പം പാര്‍ട്ടിയുടെ ‘ഭാരം’ കൂട്ടാനും ശ്രദ്ധിക്കണം’- കോണ്‍ഗ്രസ് എം.പിമാരുടെ അംഗബലം സൂചിപ്പിച്ച് നായിഡു പറഞ്ഞു. എന്നാല്‍ ഇതിന് ഉടനടി മറുപടി രേണുക നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു രേണുകയുടെ മറുപടി. രേണുകയുടേയും നായിഡുവിന്റേയും ആരോഗ്യകരമായ ഏറ്റുമുട്ടല്‍ മറ്റ് അംഗങ്ങള്‍ നല്ലപോലെ ആസ്വദിക്കുകയും ചെയ്തു.
